Sunday, August 3, 2008

ഫെല്ലിനിയുടെ ലാ സ്ത്രാദ



ലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു ഫെദേരികോ ഫെല്ലിനി . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.
ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (ജൂലിയെട്ടോ മസീനി ) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (ആന്റണി ക്വിന്‍ ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.
തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.

ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.

അവിടെയും സ്വാര്‍ത്ഥനായ സെമ്പാനൊ ഒരു വിധവയോടോപ്പം പോകുന്നു. തിരിച്ചുവന്ന അയാളോട് അവള്‍ മഴയെ കുറിച്ചും മഴയുടെ പാട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിധവയുടെ സമ്മാനമായി കിട്ടിയ ഒരു പഴയ സ്യൂട്ടിന്റെ ഭങ്ങി ആസ്വദിക്കാനായിരുന്നു അയാള്‍ക്ക്‌ താല്പര്യം. സെമ്പാനൊയുടെ തുടര്‍ച്ചയായ അവഗണനയില്‍ ദുഖിതയായി അവള്‍ അയാളെ ഉപേക്ഷിച്ചു പോകുന്നു. ഒരു കലാകാരിയായിരിക്കാന്‍ തനിക്കിഷ്ടമാണെന്നും എന്നാല്‍ അയാളെയാണ് തനിക്കിഷ്ടമില്ലാത്തെതെന്നും പറഞ്ഞാണ് അവള്‍ പോകുന്നത്. തുടര്‍ന്നു പട്ടണത്തില്‍ ഒരു സര്‍ക്കസില്‍ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കോമാളിയെ (റിച്ചാര്‍ഡ് ബെയ്സ് ഹാര്‍ട്ട് ) കാണുന്നു. അന്ന് രാത്രി തെരുവില്‍ അവളെ കണ്ടെത്തുന്ന സെമ്പാനൊ ബലം പ്രയോഗിച്ചു അവളെ കൊണ്ട് പോകുന്നു.

പിന്നീട് ഒരു സര്‍ക്കസില്‍ എത്തുന്ന അവര്‍ കോമാളിയെ അവിടെ കാണുന്നു. കോമാളിയും സെമ്പാനോയും തമ്മിലുള്ള പൂര്‍വ വിദ്വേഷം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. എപ്പോഴും സെമ്പാനോയെ ശല്യപ്പെടുത്തുന്നതില്‍ കോമാളി സന്തോഷം കണ്ടെത്തുന്നു. കോമാളി ജെല്‍സോമിനയെ ട്രമ്പെറ്റ് വായിക്കാന്‍ പഠിപ്പിക്കുന്നത്‌ അവളെ ഒരു സ്വകാര്യ സ്വത്തായി കാണുന്ന സെമ്പാനോയ്ക്ക് ഇഷ്ടപ്പെടുന്നില്ല. കോമാളിയും സെമ്പാനോയും തമ്മിലുള്ള വഴക്കിന്റെ അജഞാതമായ കാരണം ജെല്‍സോമിനയുറെ സഹോദരി രോസയാനെന്നു അവരുടെ സംഭാഷണങ്ങളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. അവര്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്നു സെമ്പാനൊ രണ്ടു ദിവസത്തേക്ക് ജയിലില്‍ ആകുന്നു. തനിച്ചാകുന്ന ജെല്‍സോമിന കൊമാളിയുമായി അടുക്കുന്നു. തികച്ചും എകാന്തയും നിരാശയുമായ അവള്‍ കോമാളിയുടെ ജീവിത ചിന്തകളില്‍ ആകര്ഷിക്കപെടുന്നു. ലാ സ്ത്രാദയിലെ പ്രശസ്തമായ കോമാളിയുടെ സംഭാഷണങ്ങള്‍ ഇവിടെയാണ് ചിത്രീകരിക്കപെടുന്നത്. ഒരു ചരല്‍ കല്ലിന്റെ അസ്തിത്വത്തിനു പോലും അര്‍ത്ഥ മുണ്ടെന്നും അല്ലെങ്കില്‍ നക്ഷത്രങ്ങള്‍ പോലും നിരര്‍ത്തകമാനെന്നും അയാള്‍ പറയുന്ന്നു. (" It must have one, because if this pebble has no purpose then everything is pointless. Even the stars.") സെമ്പാനൊ അവളെ സ്നേഹിക്കു ന്നുന്ടെന്കിലും മുരടനായ അയാള്‍ക്ക് അത് പ്രകടിപ്പിക്കാനാകാത്തതാനെന്നു കോമാളി പറയുന്നു . കോമാളിയുടെ സ്വഭാവ ചിത്രീകരണം വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു ഈ രംഗത്തില്‍. ഒറ്റയാനായി ജീവിക്കുന്ന അയാള്‍ ജെല്‍സോമിനക്ക് അവളുടെ ജീവിതത്തെ കുറിച്ച് ഉള്‍കാഴ്ച നല്‍കുന്നു.

ജയിലില്‍ നിന്നും തിരിച്ചു വരുന്ന സെമ്പാനൊ തന്നെ കാത്തു നില്‍ക്കുന്ന ജെല്‍സോമിനയെ ആണ് കാണുന്നത്. തുടര്‍ന്നു ഒരു കോണ്‍ വെന്റില്‍ എത്തുന്ന അവര്‍ അന്ന് രാത്രി അവിടെ താമസിക്കുന്നു. അവളോടു ഇഷ്ടം തോന്നിയ ഒരു കന്യാസ്ത്രീ അവരുടെ കൂടെ അവിടെ തന്നെ താമസിക്കാന്‍ അവളോടു പറയുന്നു. എന്നാല്‍ അവള്‍ അയാളോടൊപ്പം തന്നെ പോകുന്നു.

വഴിയില്‍ കോമാളിയെ കണ്ടുമുട്ടുന്ന സെമ്പാനൊ വഴക്കിനിടയില്‍ അറിയാതെ അയാളെ കൊല്ലുന്നു. തന്റെ ജീവിതത്തിന്‌ അര്‍ത്ഥം നല്‍കിയ കോമാളിയുടെ മരണം മുന്നില്‍ കാണുന്ന അവളുടെ മാനസിക നില തെറ്റുന്നു. കോമാളി പോയതോടെ തന്റെ ജീവിതത്തിനും ഒരു ലക്ഷ്യമുന്ടെന്ന അയാളുടെ സന്ദേശവും അര്‍ത്തശൂന്യമാനെന്നു അവള്‍ക്കു തോന്നുന്നു. പിന്നീട് തെരുവ് സര്‍ക്കസിനിടയില്‍ പോലും 'കോമാളി മരിച്ചു കോമാളി മരിച്ചു ' എന്ന് പുലമ്പുന്നു. അറിയാതെ കൊലപാതകിയാകുന്ന സെമ്പാനൊയുടെ മനസ്സിനും മാറ്റമാകുണ്ടാകാന്‍ തുടങ്ങുന്നു. എന്നാല്‍ തന്റെ സ്വാര്‍ഥതയില്‍ നിന്നും തീര്‍ത്തും മുക്തനായിട്ടില്ലാത്ത അയാള്‍ മാനസിക നില തകര്‍ന്ന അവളെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നു. പക്ഷെ തണുപ്പില്‍ അവള്‍ക്കുപയോഗിക്കാന്‍ വസ്ത്രങ്ങളും പണവും പിന്നെ അവളുടെ ട്രംപെട്ടും അവള്‍ക്കരികില്‍ വച്ചാണ് അയാള്‍ പോകുന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സംപാനോയെ നമ്മള്‍ കാണുന്നു. ഇതിനകം മറ്റൊരു സ്ത്രീയെ കൂട്ട് പിടിക്കുന്ന അയാള്‍ തെരുവില്‍ വച്ച് ജെല്‍സോമിനയുറെ പാട്ട് കേള്‍ക്കുന്നു. അവളെക്കുറിച്ച് അന്വേഷിക്കുന്ന അയാള്‍ അവളുടെ ദുരന്ത പൂര്‍ണ്ണമായ അന്ത്യത്തെ കുറിച്ചറിഞ്ഞു വികാര വിക്ഷുബ്ദനാകുന്നു. നീളമേറിയ ഒരു മീഡിയം ക്ലോസ് അപ് ഷോട്ടിലൂടെ തന്റെ ദുഖം പ്രകടിപ്പിക്കാന്‍ കഴിയാതെ നിസ്സഹായനായ സെമ്പാനോയെ ഫെല്ലിനി വിദഗ്ദമായി അവതരിപ്പിക്കുന്നു. ജെല്‍സോമിനയുറെ മരണ വാര്‍ത്ത അയാളെ പാടെ തകര്‍ത്ത് കളയുന്നു.

ഒരിക്കല്‍ കൂടി അയാളുടെ പഴയ അഭ്യാസ പ്രകടനം നാം കാണുന്നു. പക്ഷെ പഴയ സെമ്പാനൊയുടെ നിഴല്‍ മാത്രമാണ് ഇപ്പോള്‍ അയാള്‍. തകര്‍ന്ന ശബ്ദത്തില്‍ യാന്ത്രികമായി അയാള്‍ കാണികളെ അഭിമുഖീകരിക്കുന്നു. രാത്രി മദ്യപിച്ചു ദുഖിതനായി കടല്‍ തീരത്ത് മണലില്‍ തല പൂഴ്ത്തി കരയുന്ന സെമ്പാനൊയുടെ ഒരു ലോങ്ങ് ഷോട്ടില്‍ സൂം ഔട്ട് ചെയ്തു ചിത്രം അവസാനിക്കുന്നു. കരയാനുള്ള കഴിവ് നേടുന്നതിലൂറെ അയാള്‍ മനുഷ്യനായി മാറുന്നു.

ഫെദേരികോ ഫെല്ലിനിയുടെ ഭാര്യയായ മസീനിയുടെ സാനിധ്യമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ് . ഒരു കോമാളിയുടെ ഹാസ്യ സഹജമായ മുഖവും എന്നാല്‍ അനന്തമായ വിഷാദം തലം കെട്ടി നില്‍ക്കുന്ന കണ്ണുകളുമുള്ള മസീനി ജെല്‍സോമിനയെ അവിസ്മരനീയയാക്കുന്നു

സുന്ദരിയുടെയുമ് രാക്ഷന്റെയും കഥയെ ഓര്‍മിപ്പിക്കുന്ന ലാ സ്ത്രാദ അതെ സമയ തന്നെ ഏകാന്തരായ മനുഷ്യരെയും ചിത്രീകരിക്കുന്നു. കടല്‍ തീരത്തിന്റെയും നഗര വീഥികളുടെയും ഗ്രാമ സായാഹ്നങ്ങലുറെയും വലിയ ഫ്രൈമുകളില്‍ ഒറ്റയ്ക്കിരിക്കുന്ന കഥാപാത്രങ്ങള്‍ ചിത്രത്തില്‍ ആവര്‍ത്തിക്കപെടുന്നുന്ദ്. നഗര വീഥികളില്‍ തനിച്ചിരിക്കുന്ന ജെല്സോമിനയും സെമ്പാനോയെ ഉപേക്ഷിച്ചു
നാട്ടു വഴിയിലൂടെ നടക്കുന്ന ജെല്‍സോമിനയും അവളുടെ അന്യതാ ബോധത്തെയും ഏകാന്തതയെയും കാണികളിലേക്ക് ശക്തമായി സംക്രമിപ്പിക്കുന്നു. എന്നാല്‍ ജയിലിനരികില്‍ ജെല്സോമിനയെ കൊണ്ട് വിട്ടു വിജനമായ നഗര വീഥിയിലൂടെ നടന്നു പോകുന്ന കോമാളി ഒറ്റയാനായി ജീവിതം ആഘോഷിക്കുന്ന മറ്റൊരു ബിംബത്തെ ചിത്രീകരിക്കുന്നു. നഷ്ടപ്പെട്ടു പോയ സ്നേഹത്തെ ഓര്‍ത്ത്‌ കടല്‍ തീരത്തു ഒറ്റയ്ക്ക് കരയുന്ന സെമ്പാനൊ ദുരന്ത പൂര്ണമായ കഥാ പാത്രമാണ്.
സ്ത്രീക്ക് നേരെ പുരുഷന്‍ കാട്ടുന്ന ക്രൂരതയും മേധാവിത്ത്വവും ലാ സ്ത്രാടയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. തന്നെ സ്നേഹിക്കുന്ന സ്ത്രീയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അവളെ പരിഗണിക്കാനും വൈകിപ്പോകുന്ന പുരുഷന്‍ അവളില്ലാതെ തന്റെ ജീവിതം അര്‍ത്ഥ ശൂന്യമാണെന്നു കണ്ടെത്തുന്നു. എന്നാല്‍ സ്ത്രീ - പുരുഷന്‍ എന്നാ ദ്വന്ദങ്ങള്‍ക്കപ്പുറത്ത് ഒറ്റയ്കായി പോകുന്ന മനുഷ്യരുടെ ഏകാന്തതയും അന്യതാ ബോധവും നിരാശയും ചിത്രത്തില്‍ വായിക്കപ്പെടാം.

10 comments:

  1. പാനുരാനെ ( അങ്ങനെ വിളിക്കാമല്ലൊ അല്ലെ..?) കമന്റു വഴിയാ ഇവിടെയെത്തിയതു. വന്നപ്പോള്‍ ദേ കിടക്കുന്നു റിയലിസ്റ്റിക് സിനിമയുടെ യഥാര്‍ത്ഥ ഒരു റിവ്യു. ഇങ്ങനത്തെ അവാര്‍ഡ് ഫിലിം കാണാനുള്ള കപ്പാസിറ്റിയൊന്നുമില്ല പാനൂരാനെ.കണ്ടാലും റിവ്യൂ എഴുതാന്‍ പോയിട്ടു മറ്റുള്ളവരോടുപറഞ്ഞു കൊടുക്കാന്‍ പോലും അറിയില്ല. എന്തായാലും നന്നായിരിക്കുന്നു യുവര്‍ റിവ്യു. ബെസ്റ്റ് ഓഫ് ലക്ക്. ഇനിയും എശുതു...!

    ReplyDelete
  2. നല്ല റിവ്യൂ. പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് ഇത് അവസാനം കണ്ടത്.ഇപ്പൊ, ഇതു വായിച്ചപ്പോ ഒന്നുകൂടി കണ്ട സുഖം..., പല വിശദാംശങ്ങളും മറന്നുപോയിരിക്കുന്നു എന്ന കുറ്റബോധം...

    ഒരുപാട് നന്ദി പാനൂരാന്‍.

    ReplyDelete
  3. യാരിദ്‌, വിശാഖ് , നന്ദി..

    ReplyDelete
  4. ബൂലോകത്തു സിനിമാ കഥപറച്ചിലുകാര്‍ കൂടുന്നു.. കൂടട്ടെ അതു ഞങ്ങളെപ്പോലുള്ള സിനിമാ അധികം കാണാന്‍ കഴിയാത്തവര്‍ക്കു വലിയ ഉപകാരമാ..
    ആശംസകള്‍ പാനൂരാന്‍
    ഓഫ്: വലിയ കുഴപ്പമില്ലാത്ത മോന്തായമാണല്ലൊ അണ്ണാ.. പിന്നെ പെയിന്റടിച്ചു ഗ്ലാമറു കൂട്ടണൊ..!..;)

    ReplyDelete
  5. നന്നായിട്ടുണ്ട്...]
    നന്‍മകള്‍ നേരുന്നു....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  6. ithemthayalum kandittu thanne olloooo..cd kittumo ennu nokkatte..thante viavraanam kettu athrakistapettu poyi...athu kananulla agrahama ippol

    ReplyDelete
  7. നന്ദി , രാമചന്ദ്രന്‍..

    ReplyDelete
  8. ഞാനൊരു താമസിച്ചു വന്ന ഒറ്റയാന്‍
    എങനെ എന്നെ കണ്ടുപിടിച്ഛൂ
    സംഗതി കലക്കി(മുഴുവന്‍ വായിച്ഛില്ല!
    ഏങ്കിലും ഊഹിക്കാമല്ലൊ.
    ഒരു കവിത കൂടി എന്റെ ബ്ലൊഗില്‍ കാണുക.
    gramapanchayat.blogspot.com

    ReplyDelete
  9. രോഷിനെ ഓര്‍മയുണ്ട്.... നിന്നിലെ എഴുത്തുകാരനെയും.... കുന്നുകള്‍ കാണാനുള്ളത് മാത്രമല്ല, കീഴടക്കാനുള്ളത് കൂടിയാണ്.

    ReplyDelete