Sunday, August 3, 2008

ഫെല്ലിനിയുടെ ലാ സ്ത്രാദലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു ഫെദേരികോ ഫെല്ലിനി . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.
ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (ജൂലിയെട്ടോ മസീനി ) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (ആന്റണി ക്വിന്‍ ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.
തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.

ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.