Thursday, February 18, 2010

സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ എഗൈന്‍ സ്പ്രിംഗ്

മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും ആരാധകരുള്ള സിനിമാക്കാരന്‍ കിം കി ദുക് ആണെന്ന് പറഞ്ഞാല്‍, അതിശയോക്തിയാവുമെങ്കിലും അല്പം സത്യമില്ലാതില്ല. കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്രമേളയില്‍, ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ചിത്രങ്ങളിലൊന്ന് ദുക്കിന്റെ ഡ്രീം ആയിരുന്നു. ധന്യ തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിനും രണ്ടു മണികൂര്‍ മുന്‍പ് തന്നെ ക്യൂ കോമ്പൌണ്ടും കഴിഞ്ഞു റോഡിലേക്ക് നീണ്ടു. പൊരി വെയിലത്ത് രണ്ടു മണികൂര്‍ ക്യൂ നിന്ന്, ലാല്‍ പടത്തിന്റെ ഫസ്റ്റ് ഷോയുടെതുപോലെ അടിപിടിയും കഴിഞ്ഞ്, ഒരു വിധം ഉള്ളിലെത്തിയിട്ടും, കിം ഫലം, പടം മുഴുവന്‍ നിന്നു കാണേണ്ടി വന്നു. ഒറ്റയ്ക്കായിരുന്നില്ല, ദുക്കിന്റെ ആരാധകര്‍ കുറേപേര്‍ വേറെയും ഉണ്ടായിരുന്നു, സിനിമ കണ്ടു 'നില്‍ക്കാന്‍' . ആദ്യമായി കാണുന്ന ആ ദുക് ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും, കിമ്മിന്റെ ബാക്കി സിനിമകള്‍ കാണണം എന്നുറപ്പിച്ചാണ് തിയേറ്റര്‍ വിട്ടത്.

കിമ്മിനെ ലോകം മുഴുവന്‍ പ്രശസ്തനാക്കിയ സിനിമ, അദ്ദേഹത്തിന്റെ ഏഴാമത്തെ ചിത്രമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍ ആന്‍ഡ്‌ എഗയിന്‍ സ്പ്രിംഗ് ആണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെ ദക്ഷിണകൊറിയയില്‍ വിമര്‍ശകര്‍ക്കും, കാണികള്‍ക്കും അത്ര പ്രിയപ്പെട്ടവനല്ല, കിം. ഭീകരവും ബീഭത്സവുമായ അക്രമ രംഗങ്ങളാല്‍ സമൃദ്ധമായിരുന്നു കിമ്മിന്റെ അതു വരെയുള്ള ചിത്രങ്ങളെല്ലാം. സാഡിസത്തിന്റെയും മസോക്കിസത്തിന്റെയും നേരിട്ടുള്ള ചിത്രീകരണം എന്നുവരെ വിശേഷിപ്പിക്കപ്പെട്ടവയാണ് ഔപചാരികമായ സിനിമ പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ദുകിന്റെ 'ഐസ്ല്‍' തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍ ഈ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി, അക്രമങ്ങളെ നേരിട്ട് ചിത്രീകരിക്കാതെ, അഹിംസയുടെയും, സെന്‍ ബുദ്ധിസത്തിന്റെയും കഥ പറയുകയാണ്‌ മനോഹരമായ സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്‍റെര്‍. - വസന്തം, ഹേമന്തം, ശരത്, ശിശിരം പിന്നെയും വസന്തം!

വളരെ ലളിതമായ, കഥയെന്നു പോലും പറയാനില്ലാത്ത പ്രമേയമാണ്, അഞ്ചു അധ്യായങ്ങളായി ചിത്രീകരിക്കപ്പെട്ട സ്പ്രിംഗ് പറയുന്നത്. കടും പച്ച നിറത്തിലുള്ള ഒരു കാടിന്റെ നടുവിലെ, തടാകത്തില്‍ ഒഴുകിനടക്കുന്ന ആശ്രമമാണ് കഥയുടെ പശ്ചാത്തലം. ഒന്നാമധ്യായമായ 'വസന്ത'ത്തില്‍, ആശ്രമത്തില്‍ ബാലനായ തന്റെ ശിഷ്യന്(Seo Jae Kyung) ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ബുദ്ധസന്യാസിയെ(Oh Young Soo) കാണാം. അറ്റത്തൊരു വെള്ള വരയുടെ വ്യത്യാസം മാത്രമേ, മരുന്ന് ചെടിയും, വിഷ ചെടിയും തമ്മിലുള്ളൂ എന്ന് അദ്ദേഹം അവനെ പഠിപ്പിക്കുന്നു. നിഷ്കളങ്കനായ ബാലന്റെ വിനോദങ്ങള്‍- മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും പുറത്തു കല്ലുകെട്ടി രസിക്കുന്ന കുട്ടിയെ - സന്യാസി തടയുന്നില്ല. പകരം, അവന്റെ പുറത്തും അതു പോലെ ഒരു കല്ല്‌ കെട്ടിവച്ചിട്ടു പറയുന്നു: "നീ ഉപദ്രവിച്ച ഏതെന്കിലും ഒരു ജീവി മരിക്കുകയാണെങ്കില്‍ ഈ കല്ല്‌ ജീവിതകാലം മുഴുവന്‍ നീ, നിന്റെ ഹൃദയത്തില്‍ ചുമക്കും."