Sunday, January 24, 2010

സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്


ആദ്യമായി ഒരു മറാത്തി ചിത്രം കാണുന്നത് കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിന്‍റെ കഥ പറയുന്ന പരേഷ് മോകഷിയുടെ 'ഹരിശ്ചാന്ദ്രാച്ചി ഫാക്ടറി'. പുതുമുഖ സംവിധായകന്‍റെതാണെങ്കിലും മറാത്തി സിനിമയുടെ ക്ലാസ്‌ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാമതായി കണ്ട മറാത്തി ചിത്രവും അതിനൊപ്പം തന്നെ നില്‍ക്കുന്നു: 'നടരംഗ്'. പരസ്യ കല രംഗത്ത് നിന്നും എത്തിയ പുതിയ സംവിധായകന്‍ രവി യാദവിന്റെ ആദ്യ ചിത്രമായ നടരംഗ് മറാത്തി നാടന്‍ നാടകകലയായ 'തമാഷ'യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രമുഖ മറാത്തി സാഹിത്യകാരന്‍ ആനന്ദ്‌ യാദവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. എഴുപതുകളിലെ ഒരു പിന്നാക്ക മറാത്തി ഗ്രാമത്തില്‍ വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, പിന്നീട് ഒരു കലാകാരന്‍ എന്നനിലയില്‍ അയാള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളുമാണ് നടരംഗ് ചര്‍ച്ച ചെയ്യുന്നത്.

പിന്നാക്ക ജാതിക്കാരനായ ഗുണ(അതുല്‍ കുല്‍ക്കര്‍ണി) ഗ്രാമത്തിലെ ഫയല്‍വാന്‍ കൂടിയാണ്. പെണ്ണുങ്ങളൊക്കെ നോക്കി നില്‍ക്കുന്ന ആകാര സൌഷ്ടവമുള്ള, പൌരുഷ പ്രതീകമായ ഗുണയുടെ ദൗര്‍ബല്യം നാടന്‍ നാടകമായ തമാഷയാണ്. എന്നെങ്കിലുമൊരിക്കല്‍ ഒരു തമാഷയില്‍ രാജാവായി അഭിനയിക്കണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ശുദ്ധമായ കലയെ സ്നേഹിക്കുന്ന ഗുണയ്ക്ക് കലയിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയ താല്പര്യമൊന്നുമില്ല. നാടകത്തിനിടയില്‍ കലാകാരി ആള്കാരുറെ മുന്നില്‍ പണത്തിനു ഇരക്കുന്നതെന്തിനാണ് എന്നാണ് അയാളുടെ ചോദ്യം. ഗ്രാമത്തിലെ ഭൂവുടമകള്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെടുന്ന ഗുണയും കൂട്ടരും ഒരു തമാഷ സംഘം രൂപീകരിക്കുന്നു. അനുഭവപരിചയമുള്ള പണ്ടോബയുടെ നേതൃത്വത്തില്‍, മോഷ്ടിച്ചെടുത്ത വേഷങ്ങളുമായി അവര്‍ റിഹേര്സല്‍ ആരംഭിക്കുന്നു. നായികയാവാന്‍ നടിയെ അന്വേഷിച്ചു നിരാശരാവുന്ന അവര്‍ അവസാനം പണ്ടോബയ്ക്ക് മുന്‍ പരിചയമുള്ള യമുനാഭായിയെയും മകള്‍ നൈന(സോണാലി കുല്‍ക്കര്‍ണി)യെയും കണ്ടെത്തി. പക്ഷെ താന്‍ അഭിനയിക്കണമെങ്കില്‍ നാടകത്തില്‍ ഒരു 'നാച്ച്യ' കൂടി വേണമെന്ന് നൈന നിര്‍ബന്ധം പിടിക്കുന്നു. പുരുഷന്മാര്‍ നപുംസകമായി വേഷം കെട്ടുനതിനെയാണ് നാച്ച്യ എന്ന് പറയുന്നത്. തമാഷയുടെ അവിഭാജ്യ ഘടകമാണ് ഈ നപുംസകവേഷങ്ങള്‍. നപുംസക വേഷം കെട്ടാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് നാച്ച്യ ഇല്ലെങ്കില്‍ നാടകം നടക്കില്ലെന്ന അവസ്ഥയില്‍ തമാഷ നടക്കാനായി , തന്റെ ആജീവനാന്ത മോഹമായ രാജാവിന്റെ വേഷം ഗുണ ഉപേക്ഷിക്കുന്നു.
കടഞ്ഞെടുത്ത ഉരുക്ക് ശരീരമുണ്ടായിരുന്ന ഗുണ കലയോടുള്ള സ്നേഹത്തിന് വേണ്ടി ഭക്ഷണം കുറച്ചു മെലിയാന്‍ തുടങ്ങുന്നു. രാജാവിനെ പോലെ നടന്നു ശീലിച്ച അയാള്‍ സ്ത്രീയുടെ ഭാവ ചേഷ്ടകള്‍ അനുകരിക്കുന്നു. ഭാര്യയും അച്ഛനും ഗ്രാമം മുഴുവനും എതിര്‍ത്തിട്ടും , തമാഷ നടക്കാനായി, ഗുണ നപുംസക വേഷം അണിയുന്നു. തുടര്‍ന്ന് നൈനയുടെയും ഗുണയുടെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ വന്‍ വിജയം നേടുന്ന നാടക സംഘം പ്രദര്‍ശനങ്ങളുമായി നാടു ചുറ്റുന്നതിടയില്‍ ഗുണയുടെ അച്ഛന്‍ മരിക്കുന്നു. പക്ഷെ പുതിയ നാടകം എഴുതികൊണ്ടിരിക്കുന്ന ഗുണയെ ഈ വിവരം അറിയിക്കെണ്ടെന്നു പണ്ടോബ തീരുമാനിക്കുന്നു. ഇതിനിടയില്‍ രണ്ടു രാഷ്ട്രീയക്കാരുടെ കിടമത്സരത്തിനിടയില്‍ പെട്ടുപോകുന്നുണ്ട് ഗുണയുടെ സംഘം. ഗ്രാമമുഖ്യനായ ഷിന്‍ഡെയെ സ്വാധീനിചാണ് ഗുണ ഒരു മേളയില്‍ പങ്കെടുക്കാനുള്ള അവസരം നേടുന്നത്. എന്നാല്‍ ഈ മേളയില്‍ പങ്കെടുക്കരുതെന്ന എതിര്പക്ഷക്കാരനായ മാനെയുടെ ആവശ്യം ഗുണ നിരസിക്കുന്നത് അയാളെ ക്രുദ്ധനാക്കുന്നു. ഷിന്‍ഡെയെ സ്വാധീനിക്കാനായി പോണ്ടോബയുടെ നിര്‍ബന്ധത്തിനു വഴങ്ങി വേദിക്ക് പുറത്തും നപുംസകവേഷം കെട്ടേണ്ടി വരുന്ന ഗുണ, നപുംസക വേഷം സ്വന്തം ജീവിതത്തെ തന്നെ പതുക്കെ കാര്‍ന്നു തിന്നുന്നത് അറിഞ്ഞു തുടങ്ങുന്നു. നപുംസക വേഷത്തിന്റെ പേരില്‍ നൈന അയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്നു. സ്വന്തം ഭാര്യ പോലും തന്നെ മനസ്സിലാക്കുന്നില്ലെന്ന്‍ അറിയുന്ന ഗുണ എല്ലായിടത്തും അപമാനിതനാകുന്നു. അവസാനം തന്റെ അസ്തിത്വം വീണ്ടെടുക്കാനായി , നപുംസകമായ ബ്രിഹന്ദളയുടെ വേഷം കെട്ടിയ അര്‍ജുനന്റെ കഥ അവതരിപ്പിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. പക്ഷെ കലയിലെ കക്ഷി രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന, പ്രതികാരദാഹിയായ മാനേ നാടകം മുടക്കി ഗുണയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നു. എല്ലാം തകര്‍ന്ന്, നാടുമുഴുവന്‍ അപമാനിതനായി ഗുണ തന്റെ ഭാര്യയെ തേടി തിരിച്ചു വരുന്നു. പക്ഷെ അവള്‍ അയാളെ ആടി പുറത്താക്കുന്നു. സ്വന്തം മകന്‍ കാര്‍ക്കിച്ചു തുപ്പുന്നു. എല്ലാം നഷ്ടപ്പെട്ട ഗുണ അവസാനം നൈനയോടൊപ്പം ആദ്യം മുതല്‍ തുടങ്ങുന്നു, കലയില്‍ നഷ്ടപ്പെട്ടതെല്ലാം കലയിലൂടെ തന്നെ തിരിച്ചു പിടിക്കുമെന്ന ദൃഡനിശ്ചയതോടെ.

യാഥാസ്തികമായും പ്രായോഗികമായും മാത്രം ചിന്തിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കലാകാരന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ച് പറയുന്ന ചിത്രം ആദ്യ ഭാഗങ്ങളില്‍ ഹരിശ്ചന്ദ്രചി ഫാക്ടറിയെ ഓര്‍മിപ്പിക്കുന്നുണ്ട്. ദാദ സാഹെബ് ഫാല്‍കെയുടെ ഭാര്യയുടെ വേഷം ചെയ്ത വിഭാവരി ദേശ്പാണ്ടേ തന്നെ ഈ ചിത്രത്തില്‍ സമാനമായി ഗുണയുടെ ഭാര്യയായി അവതരിപ്പിക്കുന്നത്‌ കൌതുകകരമാണ്. നാടകത്തിനായി നടിയെ തേടി നടക്കുന്ന ഗുണയുടെ ദൃശ്യങ്ങള്‍ അതെ പടി ഹരിശ്ചന്ദ്രചി ഫാക്ടറിയിലും കാണാം. എന്നാല്‍ തുടര്‍ന്ന് വരുന്നത് വേദിയിലും പുറത്തും വ്യത്യസ്ത ജീവിതങ്ങള്‍ ജീവിക്കുന്ന കലാകാരന്റെ അസ്തിത്വ പ്രതിസന്ധികളാണ്. മലയാളത്തില്‍ ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം ചര്‍ച്ച ചെയ്തതിനു സമാനമായ ഒരവസ്ഥയാണ് ഇവിടെ ദൃശ്യവല്കരിക്കപ്പെടുന്നത്. പക്ഷെ മോഹന്‍ലാലിന്റെ കുഞ്ഞിക്കുട്ടന്‍ അനുഭവിച്ചതിനെക്കാള്‍ ആഴത്തില്‍ അതുലിന്റെ ഗുണയ്ക് അത് അനുഭവിക്കേണ്ടി വരുന്നു. കലയോടുള്ള അഭിനിവേശത്തിന്റെ പേരിലാണ് രാജാവിന്റെ വേഷം ആഗ്രഹിച്ചിരുന്ന, പൗരുഷത്തിന്റെ പ്രതീകമായിരുന്ന ഗുണ നപുംസക വേഷം കെട്ടുന്നത്. പക്ഷെ വേദിക്ക് പുറത്തേക്ക്, കലാകാരന്റെ ജീവിതത്തിനു മേല്‍ നിഴല്‍ വീഴ്ത്തി വളരുന്ന കഥാപാത്രം ഗുണയെ വേട്ടയാടുന്നു. കലാകാരനും സൃഷ്ടിക്കും ഇടയിലെ അതിര്‍വരമ്പുകള്‍ എവിടെയാണെന്ന ചോദ്യമാണ് ചിത്രം ഉയര്‍ത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അതുല്‍ കുല്‍ക്കര്‍ണി അതിമനോഹരമായി ഈ അന്ത സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

കേവലമായ കലയെ കുറിച്ച് മാത്രം ആശങ്കപ്പെടുന്ന യതാര്‍ത്ഥ കലാകാരനെയും, കലയെയും അതിന്റെ ജനസ്വാധീനത്തെയും ഉപയോഗപ്പെടുത്തുന്ന പരാദ ജീവികളെയും ചിത്രത്തില്‍ കാണാം. പ്രായോഗികതയുടെ ലോകത്ത് , ശുദ്ധ കലാകാരനായ ഗുണയ്ക് താന്‍ സ്നേഹിക്കുന്ന പെണ്ണിന്റെ സ്നേഹം നിഷേധിക്കപ്പെടുന്നു. തന്നെ പഴിക്കുക മാത്രം ചെയ്തിട്ടുള്ള പിതാവിന് വേണ്ടി വിലയേറിയ സമ്മാനങ്ങള്‍ വാങ്ങുന്ന ഗുണ, അയാളുടെ മരണ വാര്‍ത്ത പ്രായോഗികതയുടെ പേരില്‍ അറിയാതെ പോകുന്നു. മികച്ച നൃത്ത രംഗങ്ങളും ഗാനങ്ങളും ചിത്രത്തിന്റെ വിനോദമൂല്യം കൂട്ടുമ്പോള്‍, സഹോദരങ്ങളായ അജയ്‌- അതുല്‍മാരുടെ പശ്ചാത്തലസംഗീതം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുനുണ്ട്. ഏകദേശം ഒരേ സമയത്ത് പുറത്തിറങ്ങിയ രണ്ടു പുതുമുഖ സംവിധായകരുടെ ചിത്രങ്ങളെന്ന നിലയില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഹരിശ്ചന്ദ്രചി ഫാക്ടറി ഒരിഞ്ചു മുന്നില്‍ നില്‍ക്കുന്നുണ്ട്. ഗുണ നേരിടേണ്ടി വരുന്നതിനു സമാനമായ പ്രശ്നങ്ങളാണ് മോകാഷിയുടെയും പ്രമേയമെങ്കിലും, വൈകാരികമായ ആഴങ്ങളിലേക്ക് നേരിട്ട് പോകാതെ ഹാസ്യാത്മകമായും സരളവുമായാണ് ഹരിശ്ചന്ദ്രചി ഫാക്ടറിയില്‍ ദാദ സാഹേബ് ഫാല്‍കെ സ്ക്രീനില്‍ എത്തുന്നത്. അത് വളരെ വിദഗ്ധമായും പൂര്‍ണമായും അവതരിപ്പിക്കാന്‍ മോകാഷിക്ക് കഴിഞ്ഞു. വാണിജ്യ സിനിമക്ക് വേണ്ടിയുള്ള ഒത്തുതീര്‍പ്പുകള്‍ ഏച്ചുകെട്ടലുകളായി അവിടവിടെ മുഴച്ചു നില്‍ക്കുന്ന നടരംഗ് അത്രയ്ക്ക് പെര്‍ഫെക്റ്റ്‌ അല്ല. ചില രംഗങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു. കൂടെ ക്ലൈമാക്സ്‌ തീര്‍ച്ചയായും വാണിജ്യ പരം തന്നെ. പക്ഷെ നന്ദു മാധവിന്റെ ദാദ സഹെബ്‌ ഫാല്‍കെയെക്കാള്‍ ഒരു പടി മുകളിലാണ് താരതമേന്യ ആഴത്തില്‍ അഭിനയിക്കുന്ന, മനസില്‍ തൊടുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ഗുണ.


9 comments:

 1. "കലാകാരനും സൃഷ്ടിക്കും ഇടയിലെ അതിര്‍വരമ്പുകള്‍ എവിടെയാണെന്ന ചോദ്യമാണ് ചിത്രം ഉയര്‍ത്തുന്നത്"

  ലളിതമായി പറഞ്ഞാല്‍ മോഹന്‍ലാല്‍ എത്രമാത്രം മംഗലശ്ശേരി നീലകണ്ഠനാണ് എന്ന് ചോദ്യം. :)

  ReplyDelete
 2. ബോളിവുഡ് സിനിമ സൃഷ്ടിക്കുന്ന ശ്വാസം മുട്ടി നിൽക്കുന്ന അന്തരീക്ഷത്തിലാണ് മറാത്തിയിൽ നല്ല സിനിമകളുണ്ടാവുന്നത്. മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം അന്യഭാഷാചിത്രങ്ങളാണെന്നൊക്കെ ഇവിടുത്തെ താരങ്ങളും സംവിധായകരും പറയുന്നത് ചിരിച്ചു തള്ളാൻ തോന്നുന്നതും അത് കൊണ്ട് തന്നെ.

  ReplyDelete
 3. തീര്‍ച്ചയായും കാല്‍വിന്‍.
  അറപ്പിക്കുന്ന ബോളിവുഡ് മാമാങ്കങ്ങള്‍ക്കിടയില്‍ ഉത്തരേന്ത്യയിലെ ഇത്തരം പ്രാദേശിക ചിത്രങ്ങള്‍ പുലര്‍ത്തുന നിലവാരം അത്ഭുതപ്പെടുത്തുന്നു. ഞാന്‍ കാണുന്ന രണ്ടാമത്തെ മാത്രം മറാത്തി ചിത്രമാണിതെന്നു പറഞ്ഞല്ലോ. കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ പ്രചോദനമാകുന്നു മുകളില്‍ പറഞ്ഞ രണ്ടു ചിത്രങ്ങളും.

  ReplyDelete
 4. സാംഷ്യാ,
  സിനിമാ വിചാരം അസ്സലായി.
  കൂടതല്‍ അറിയാന്‍ കഴിഞ്ഞു. ഒരു സിനിമ കണ്ട പ്രതീക്ഷ...
  www.tomskonumadam.blogspot.com

  ReplyDelete
 5. ഒരു സിനിമ കണ്ട പ്രതീക്ഷയല്ലടാ കോപ്പന്‍ റ്റോംസേ. ഒരു സിനിമ കണ്ട പ്രതീതി.

  ReplyDelete
 6. നല്ല സിനിമകൾക്കായുള്ള ശ്രമങ്ങൾ എന്നും പ്രോത്സാഹനാർഹം തന്നെയാണ്. ഇത്തരം ചില ശ്രമങ്ങൾ അടുത്തിടയായി മലയാളത്തിലും സംഭവിക്കുന്നത് ഒരു നല്ല ലക്ഷണമായി കാണാം. എല്ലാത്തിനും പ്രോത്സാ‍ഹനമായി നല്ലൊരു പ്രേക്ഷക സംഘവും ഇവർക്കൊപ്പം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

  ReplyDelete
 7. നന്ദി റോഷ്, അപരിചിതമേഖലകളിലെ സിനിമയെ പരിചയപ്പെടുത്തിയതിന്.

  ReplyDelete