Sunday, January 24, 2010

സിനിമ പറയുന്ന അസ്തിത്വപ്രതിസന്ധികള്‍: നടരംഗ്


ആദ്യമായി ഒരു മറാത്തി ചിത്രം കാണുന്നത് കഴിഞ്ഞ തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ ആയിരുന്നു. ആദ്യത്തെ ഇന്ത്യന്‍ ഫീച്ചര്‍ ചിത്രത്തിന്‍റെ കഥ പറയുന്ന പരേഷ് മോകഷിയുടെ 'ഹരിശ്ചാന്ദ്രാച്ചി ഫാക്ടറി'. പുതുമുഖ സംവിധായകന്‍റെതാണെങ്കിലും മറാത്തി സിനിമയുടെ ക്ലാസ്‌ വ്യക്തമാക്കുന്ന ചിത്രമായിരുന്നു അത്. രണ്ടാമതായി കണ്ട മറാത്തി ചിത്രവും അതിനൊപ്പം തന്നെ നില്‍ക്കുന്നു: 'നടരംഗ്'. പരസ്യ കല രംഗത്ത് നിന്നും എത്തിയ പുതിയ സംവിധായകന്‍ രവി യാദവിന്റെ ആദ്യ ചിത്രമായ നടരംഗ് മറാത്തി നാടന്‍ നാടകകലയായ 'തമാഷ'യുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രമുഖ മറാത്തി സാഹിത്യകാരന്‍ ആനന്ദ്‌ യാദവിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ചിത്രം. എഴുപതുകളിലെ ഒരു പിന്നാക്ക മറാത്തി ഗ്രാമത്തില്‍ വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും, പിന്നീട് ഒരു കലാകാരന്‍ എന്നനിലയില്‍ അയാള്‍ അഭിമുഖീകരിക്കുന്ന സംഘര്‍ഷങ്ങളുമാണ് നടരംഗ് ചര്‍ച്ച ചെയ്യുന്നത്.

പിന്നാക്ക ജാതിക്കാരനായ ഗുണ(അതുല്‍ കുല്‍ക്കര്‍ണി) ഗ്രാമത്തിലെ ഫയല്‍വാന്‍ കൂടിയാണ്. പെണ്ണുങ്ങളൊക്കെ നോക്കി നില്‍ക്കുന്ന ആകാര സൌഷ്ടവമുള്ള, പൌരുഷ പ്രതീകമായ ഗുണയുടെ ദൗര്‍ബല്യം നാടന്‍ നാടകമായ തമാഷയാണ്. എന്നെങ്കിലുമൊരിക്കല്‍ ഒരു തമാഷയില്‍ രാജാവായി അഭിനയിക്കണമെന്നാണ് അയാളുടെ ഏറ്റവും വലിയ ആഗ്രഹം. ശുദ്ധമായ കലയെ സ്നേഹിക്കുന്ന ഗുണയ്ക്ക് കലയിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയ താല്പര്യമൊന്നുമില്ല. നാടകത്തിനിടയില്‍ കലാകാരി ആള്കാരുറെ മുന്നില്‍ പണത്തിനു ഇരക്കുന്നതെന്തിനാണ് എന്നാണ് അയാളുടെ ചോദ്യം. ഗ്രാമത്തിലെ ഭൂവുടമകള്‍ കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നതിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെടുന്ന ഗുണയും കൂട്ടരും ഒരു തമാഷ സംഘം രൂപീകരിക്കുന്നു. അനുഭവപരിചയമുള്ള പണ്ടോബയുടെ നേതൃത്വത്തില്‍, മോഷ്ടിച്ചെടുത്ത വേഷങ്ങളുമായി അവര്‍ റിഹേര്സല്‍ ആരംഭിക്കുന്നു. നായികയാവാന്‍ നടിയെ അന്വേഷിച്ചു നിരാശരാവുന്ന അവര്‍ അവസാനം പണ്ടോബയ്ക്ക് മുന്‍ പരിചയമുള്ള യമുനാഭായിയെയും മകള്‍ നൈന(സോണാലി കുല്‍ക്കര്‍ണി)യെയും കണ്ടെത്തി. പക്ഷെ താന്‍ അഭിനയിക്കണമെങ്കില്‍ നാടകത്തില്‍ ഒരു 'നാച്ച്യ' കൂടി വേണമെന്ന് നൈന നിര്‍ബന്ധം പിടിക്കുന്നു. പുരുഷന്മാര്‍ നപുംസകമായി വേഷം കെട്ടുനതിനെയാണ് നാച്ച്യ എന്ന് പറയുന്നത്. തമാഷയുടെ അവിഭാജ്യ ഘടകമാണ് ഈ നപുംസകവേഷങ്ങള്‍. നപുംസക വേഷം കെട്ടാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് നാച്ച്യ ഇല്ലെങ്കില്‍ നാടകം നടക്കില്ലെന്ന അവസ്ഥയില്‍ തമാഷ നടക്കാനായി , തന്റെ ആജീവനാന്ത മോഹമായ രാജാവിന്റെ വേഷം ഗുണ ഉപേക്ഷിക്കുന്നു.