Wednesday, June 9, 2010

രാജ്നീതി എന്ന കൂതറ അവിയല് : ഒരു പാചക കുറിപ്പ്

ചേരുവകള്:


1. മഹാഭാരതം- ബാലരമ അമര്ചിത്രകഥ പരുവത്തില് ഒന്ന്
   ഉത്തരേന്ത്യന്‍ കുടുംബരാഷ്ട്രീയം : ഒരു കിലോഗ്രാം ചെറുതായി മുറിച്ചത്.

2. ഗോഡ്ഫാദര് പടം - ഒരു കഷ്ണം.

3. നാനാ പടേക്കര്, നസുറുദ്ദീന് ഷാ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള് - ഒരു ടീസ്പൂണ്‍.

4. ഒരു ഭാവവും മുഖത്തുവരാത്ത അര്ജുന് രാംപാല് : മുടി
   നീട്ടിവളര്ത്തിയത് ഒന്ന്
   മുലകുടി മാറാത്ത രാഷ്ട്രീയക്കാരന്‍ രണ്‍ബീര്‍: ഒന്ന്
   കത്രീന (മുഖ്യമന്ത്രിയായാലും വൃത്തിയായി സാരിയുടുക്കാനറിയാത്തത്) :
   ഒന്ന്
   മനോജ് വാജ്പേയി : കൂളിംഗ് ഗ്ലാസ് വച്ചത് ഒന്ന്
   അജയ് ദേവ്ഗണ്‍ (വേസ്റ്റ് ആയിപ്പോയത്): ഒന്ന്
   പേരറിയാത്ത വിദേശ നടി : ചൊമന്നു തുടുത്തത് ഒന്ന് (മമ്മിയോടൊപ്പം)

5. വെള്ള ടാറ്റ സുമോ, മറ്റു കാറുകള് : ആവശ്യത്തിന്

6. ചുംബനരംഗങ്ങളും കിടപ്പറ രംഗങ്ങളും(സ്വവര്‍ഗരതി കാണിക്കുന്നതാണെങ്കില് വിശേഷം): അനാവശ്യത്തിന്

7. രണ്‍ബീര്‍, കാറ്റ് തുടങ്ങിയവരുടെ വായില്‍ കൊള്ളാത്ത വിധത്തിലുള്ള കൂതറ പ്രസംഗങ്ങള് : മൂന്നു നാലെണ്ണം

8. കളഞ്ഞു പോയ കുട്ടിയെ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയാന്‍ ഉപകരിക്കുന്ന തുണി : മുപ്പതുകൊല്ലം പഴക്കമുള്ള, ചുവപ്പ് നിറത്തിലുള്ളതു ഒന്ന്.

9. പാഞ്ചാലിവസ്ത്രാക്ഷേപം : ഒന്ന് - കിട്ടാനില്ലെങ്കില് ബാറില് നടത്തുന്ന ഒരു കാബറെ ഡാന്സ് മതിയാകും.



തയ്യാറാക്കേണ്ട വിധം:

ആദ്യം ഗംഗാജലം കൊണ്ട് നന്നായി കഴുകിയ ചട്ടി അടുപ്പില് വച്ചു ചൂടാക്കുക. ചട്ടി നന്നായി ചൂടായി തുടങ്ങുമ്പോള് ഒരു നുള്ള് നസുറുദ്ദീന് ഷാ ഇട്ടു വഴറ്റിയെടുക്കുക. വിഭവത്തിന്നു വലിയ സുഗന്ധമൊന്നും ഉണ്ടാവില്ലെങ്കിലും കണ്ടുനില്ക്കുന്നവര്‍ക്ക് തുടക്കത്തില്‍ അല്പം കൊതിയുണ്ടാക്കാന് ഈ വിശേഷദ്രവ്യം ഉപകരിക്കും. വിഭവത്തിന്റെ പാചക വിധി മിക്കവാറും അമര്ചിത്രകഥയില് പറയുന്ന പരമ്പരാഗതരീതിയില് തന്നെയാണ് ചെയ്യുക. ആദ്യമേതന്നെ നസുരുദീന് ഷാ ഇട്ടു വഴറ്റിയ ചട്ടിയില് മുഖ്യമന്ത്രിയുടെ മകളെ അല്പം മഴവെള്ളം ചേര്‍ത്തു ഇളക്കുക. ഒരു ആണ്കുഞ്ഞ് ഉണ്ടായി വരുമ്പോള് ചേരുവ എട്ടില് പറഞ്ഞിരിക്കുന്ന തുണി കൂട്ടിയെടുത്തു അല്പം നാനാപടേക്കര് ചേര്‍ത്തു പുഴയിലൊഴുക്കുക. പിന്നെ ചട്ടി നന്നായി കഴുകി വയ്ക്കുക.