Thursday, May 21, 2009

ഷെര്‍ലോക്ക് ഹോംസ് തിരിച്ചു വരുന്നു !!!



ലോകം കണ്ടതില്‍ വച്ചേറ്റവും സമര്‍ത്ഥനും പ്രശസ്തനുമായ കുറ്റാന്വേഷകന്‍ വീണ്ടും വരുന്നു. ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസന്‍ ഡോ. വാത്സനുമായി ഇപ്രാവശ്യം വരുന്നതു പുതിയ ഒരു ദൌത്യവുമായാണ്. ലണ്ടന്‍ നഗരത്തെ കൌശലക്കാരനും ക്രൂരനുമായ വില്ലനില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഹോംസിന്റെ പുതിയ വരവിന്റെ ഉദ്ദേശം. പൊതുവേ സ്ത്രീ വിഷയത്തില്‍ തീരെ തല്പരനല്ലാത്ത ഹോംസിനു അല്‍പ്പമെങ്കിലും താല്പര്യം തോന്നിയ ഐറിന്‍ അഡലര്‍ കൂടെയുണ്ട്. പതിവിനു വിരുദ്ധമായി , കൂര്‍മ ബുദ്ധിയോറൊപ്പം ഹോംസിന്റെ ആയോധനകലകലുറെയും പ്രദര്‍ശനം പുതിയ സിനിമയില്‍ ഉണ്ടാകും.

സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കപെടുന്ന ചലച്ചിത്രങ്ങള്‍ക്ക് മുന്നില്‍ വലിയ ഒരു വെല്ലുവിളിയുണ്ട്. ഭാവനാസമ്പന്നനായ സഹൃദയന്റെമനസ്സില്‍ അവന്‍ സൃഷ്ടിച്ചിട്ടുള്ള കഥാപാത്രങ്ങളെയും , കഥാ പരിസരങ്ങളെയും അതിശയിക്കുന്ന വിധത്തില്‍, അതിലും മികച്ചതായി തിരശ്ശീലയില്‍ എത്തിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലിയാണ് അണിയറയില്‍ ഉള്ളവര്‍ക്കുള്ള വെല്ലുവിളി. അതില്‍ അവര്‍ എത്ര മാത്രം വിജയിക്കുന്നു എന്നതാണ് അത്തരം ചിത്രങ്ങളുടെ വിധി നിര്‍ണയിക്കുന്നത്. അങ്ങനെ , തിരശ്ശീലക്കു മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു ബല പരീക്ഷണമാണ് സാഹിത്യാ ധിഷ്ടിത ചിത്രങ്ങള്‍. പലപ്പോഴും ഈ മത്സരത്തില്‍ കാണികള്‍ തന്നെയാണ് വിജയിക്കാറുള്ളത്. കാരണം, അതിരുകളില്ലാത്ത ഭാവനാ ലോകത്തില്‍ സൃഷ്ടിക്കപെടുന്ന സംകല്‍പ്പങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കുക എന്നത് തീര്‍ത്തും ദുഷ്കരമാണ്. കൂടാതെ, ചിലപ്പോഴെങ്കിലും, സംവിധായകനെക്കാലും, ഛായാ ഗ്രാഹകനെക്കാലും കഴിവുള്ളവനാണ്‌ കാഴ്ചക്കാരന്‍. പുതിയ ചിത്രത്തില്‍ , ഷേര്‍ ലോക്ക് ഹോംസിനെ അവതരിപ്പിക്കുന്ന റോബര്‍ട്ട്‌ ഡൌണി കഥാ പാത്രത്തിനോടു നീതി പുലര്‍ത്തുമോ എന്ന് സംശയമാണ്. കാരണം ചിത്രത്തിന്‍റെ ട്രിലരില്‍ കാണുന്ന ഹോംസ്, വായനക്കാരന്റെ മനസ്സിലുള്ള ഹോംസിന്റെ രൂപവുമായി യോജിക്കാന്‍ സാദ്ധ്യത തീരെ കുറവാണ്. കഴുകന്റെ കൊക്ക് പോലുള്ള വളഞ്ഞ മൂക്കും, കൂര്‍ത്ത മുഖവുമുള്ള, വളരെ ശാന്തനായ നീണ്ടു മെലിഞ്ഞ ഹോംസിനെയല്ല ട്രൈ ലരില്‍ കാണുന്നത്. തമാശക്കാരനും, ഉത്സാഹിയുമായ ജൈംസ്‌ ബോണ്ടിനെയാണ് ഡൌണി ഓര്‍മ്മിപ്പിക്കുന്നത്. ചിലപ്പോള്‍, ക്രിസ്റൊഫെര്‍ നോലാന്‍ ബാറ്റ്‌ മാന്‍ സിനിമയില്‍ ചെയ്തത് പോലെ, ഹോംസിനെ പൊളിച്ചെഴുതുകയാണ് സംവിധായകനായ ഗേ റിച്ച്ചിയുറെ ശ്രമമെന്ന് തോന്നുന്നു. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാകുമോ എന്ന് കാത്തിരുന്നു കാണാം.
പുതിയ സിനിമയുടെ ട്രൈ ലര്‍ ഇവിടെ.


പിന്‍ വാതില്‍: ഹോംസിന്റെ വേഷത്തില്‍ ജോണി ദെപ്പ് ആയിരുന്നുവെങ്കില്‍ ??

( അടുത്തത്: ഗിസ്സെപ്പേ ടോര്നാ ടോരിന്റെ ഇറ്റാലിയന്‍ ചിത്രം: മെലിന .)

Sunday, August 3, 2008

ഫെല്ലിനിയുടെ ലാ സ്ത്രാദ



ലോക യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയിലെ മഹാ രഥനായിരുന്നു ഫെദേരികോ ഫെല്ലിനി . നിയോ -റിയാലിസ്റിക് പ്രസ്ഥാനത്തിന്‍റെ വക്താവായ അദ്ദേഹത്തിന്‍റെ പ്രശസ്ത സിനിമയാണ് ലാ സ്ത്രാദ (The Road). തന്റെ ഇഷ്ടപെട്ട ബിംബങ്ങളില്‍ ഒന്നായ സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇതു. മൂന്നു തവണ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ഫെല്ലിനിക്ക് ആ ബഹുമതി ആദ്യമായി സമ്മാനിച്ചത്‌ 1954 ഇല്‍ പുറത്തിറങ്ങിയ ലാ സ്ട്രാദ ആയിരുന്നു.
ഒരു കടല്‍ തീരത്തു നിന്നു ആരംഭിച്ചു മറ്റൊരു കടല്‍ തീരത്തു അവസാനിക്കുന്ന , രണ്ടു മനുഷ്യരുടെ കഥയാണ് ലാ സ്ത്രാദ . സിനിമ ആരംഭിക്കുമ്പോള്‍ കടല്‍ തീരത്തു ചുറ്റി നടക്കുന്ന ജല്‍സോമിന (ജൂലിയെട്ടോ മസീനി ) യെ കാണാം. യുദ്ധാനന്തരം കടുത്ത ദാരിദ്ര്യത്തിലമര്‍ന്ന അവളുടെ കുടുംബത്തെയും തുടര്‍ന്നു ചിത്രീകരിക്കുന്നു. 10,000 ലിരയ്ക്ക് വേണ്ടി അമ്മ അവളെ തെരുവ് സര്‍ക്കസുകാരനായ സെമ്പാനോക്ക് (ആന്റണി ക്വിന്‍ ) വില്‍ക്കുന്നു. ഈ രണ്ടു കഥാ പാത്രങ്ങളുടെയും ആദ്യ ചിത്രീകരണത്തിലൂടെ തന്നെ അവരുടെ സ്വഭാവം മനസിലാക്കാം. നിഷ്കളങ്ക യായ ജല്‍സോമിനയും മുരടനും ക്രൂരനുമായ സെമ്പാനോയും വിരുദ്ധമായ രണ്ടറ്റത്തു നില്ക്കുന്നു. ജല്‍സോമിനയുടെ സഹോദരി റോസയെയും കൊണ്ടുപോയത് അയാള്‍ തന്നെ ആയിരുന്നു. അവള്‍ മരിച്ചു പോയത് കൊണ്ടാണ് സെമ്പാനൊ ജല്‍സോമിനയെ തേടി വരുന്നതു. തുടര്‍ന്നു അയാള്‍ക്കൊപ്പം പോകുന്ന ജല്‍സോമിന കഠിനമായ ഏകാന്തതയിലൂടെയും അവഗണനയിലൂടെയും കടന്നു പോകുന്നു.
തന്റെ നെഞ്ചില്‍ ചുറ്റിയ ഒരു ചങ്ങല ശരീര പേശികള്‍ ഉപയോഗിച്ചു പൊട്ടിക്കുന്ന അഭ്യാസം തെരുവുകള്‍ തോറും പ്രദര്‍ശിപ്പിച്ചാണ് അയാള്‍ ജീവിക്കുന്നത്. അഭ്യാസത്തിനിടയില്‍ കോമാളിയായി വേഷം കെട്ടിയും ഡ്രം അടിച്ചും അയാളെ സഹായിക്കുകയാണ് ജെല്‍സോമിനയുടെ ജോലി.

ജല്‍സോമിനയെ സെമ്പാണോ എങ്ങനെയാണ് കാണുന്നത് എന്ന് അയാള്‍ അവളെ പരിശീലിപ്പിക്കുന്ന രംഗത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. പിന്നീട് ഒരിക്കല്‍ സെമ്പാനൊ തന്നെ പറയുന്നത് പോലെ ഒരു നായയെ പരിശീലിപ്പിക്കുന്നത് പോലെ അയാള്‍ അവളെ ഡ്രം അടിക്കാന്‍ പരിശീലിപ്പിക്കുന്നു.തുടര്‍ന്നു അവളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു അയാള്‍. അങ്ങനെ ഒരു ബാലാല്‍ക്കാരത്തിലൂടെ രതി എന്തെന്ന് അവള്‍ ആദ്യമായി അറിയുന്നു. തന്റെ ജീവിതം സെമ്പാനോയ്ക്ക് ഒപ്പമാണെന്നു മനസ്സിലാക്കുന്ന അവള്‍ അയാളെ സ്നേഹിക്കാന്‍ തുടങ്ങുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ഉറങ്ങുന്ന അയാളെ ആദ്യം ഭയത്തോടെയും ഭീതിയോടെയും നോക്കുന്ന അവളില്‍ മാതൃസഹജമായ ഒരു വാത്സല്യമാണ് തുടര്‍ന്നുണ്ടാകുന്നത്. ഈ രംഗം മസീനി തന്മയത്വത്തോടെ അവതരിപ്പിക്കുന്നു.

എന്നാല്‍ തീര്‍ത്തും മുരടനും മൃദുല വികാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവനുമായ സെമ്പാനൊ അവളെ തെരുവില്‍ ഉപേക്ഷിച്ചു ഒരു വേശ്യയോടോപ്പം രാത്രി ചിലവഴിക്കാന്‍ പോകുന്നു. ആളൊഴിഞ്ഞ നഗര വീഥിയുടെ പശ്ചാത്തലത്തില്‍ തനിച്ചിരിക്കുന്ന ജെല്‍സോമിന അവഗണനയുടെയും ഏകാന്തതയുടെയും പ്രതീകമാണ്. തുടര്‍ന്നു മറ്റൊരു പ്രദേശത്ത് എത്തുന്ന അവള്‍ പ്രദര്‍ശനത്തിനു ശേഷം മുറിയില്‍ അടച്ചിടപ്പെട്ട രോഗിയായ ഒസുവല്‍ടോ എന്ന ഒരു കുട്ടിയെ കാണുന്നു . ഏകാന്തനായി നിസ്സഹായാനായി കിടക്കുന്ന അവനോടു സഹാനുഭൂതി തോന്നുന്ന അവള്‍ നൃത്തം ചെയ്തും മറ്റും അവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു.